Let’s plant a sapling… The people's tree-planting campaign has begun.
ക്ലിഫ് ഹൗസ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുളമാവ് തൈ നട്ട് സമഗ്ര വൃക്ഷവൽക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിന്‍ ക്ലിഫ് ഹൗസ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുളമാവ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5 ന് വൈകുന്നേരം നടന്ന പരിപാടിയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രീത, ഹരിതകേരളം മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ഇന്ദു, നവകേരളം കര്‍മപദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്‍, ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകേരളം മിഷന്‍ 2019 മുതല്‍ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിന്‍. അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ക്യാമ്പയിന്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. ക്ലിഫ് ഹൗസില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നട്ട വൃക്ഷത്തൈകളായ കുളമാവ്, ആറ്റുപുന്ന, ഉണ്ടപൈന്‍, കമ്പകം, പൊന്നുഞാവല്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ക്യാമ്പയിന്റെ ഭാഗമായി നട്ട തൈകളുടെ സ്ഥാനം, വളര്‍ച്ച എന്നിവ നിരീക്ഷിക്കുന്നതിനായി ഇവ ബയോടാഗ് ചെയ്യുന്ന സംവിധാനം കേരള സാങ്കേതിക സര്‍വകലാശാലയുടെ പിന്തുണയോടെ നടപ്പാക്കുന്നുണ്ട്.
നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യ പരിപാലന സമിതി (BMC), പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പരിപാലന സമിതി രൂപീകരിക്കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എൻ. സീമ അറിയിച്ചു. സ്കൂളുകൾക്ക് പുറമെ കോളേജുകൾ,
പോളിടെക്‌നിക്കുകൾ, ഐ.ടി.ഐ.കൾ, അങ്കണവാടികൾ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2025 ജൂൺ 24 മുതൽ തൈകളുടെ കൈമാറ്റവും, വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. നടീൽ വാരവും തൈകളുടെ കൈമാറ്റവും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയമായി നടത്തുന്നതിനൊപ്പം നട്ടതും കൈമാറ്റം ചെയ്തതുമായ തൈകളുടെ ഇനം തിരിച്ചുള്ള വിവര ശേഖരണവും ക്യാമ്പയിന്റെ ഭാഗമായി നടത്തും. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ വീട്ടിലും വൃക്ഷത്തൈ നടീൽ സംഘടിപ്പിക്കും. പ്രദേശത്തെ ജലാശയങ്ങളുടെ പരിസരമോ, പാതയോരമോ വൃക്ഷത്തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മാതൃകാ ടൗണുകളായ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലും വൃക്ഷവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കും. ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിലും, ഓട്ടോ, ടാക്സി, മറ്റു വാഹന സ്റ്റാന്റുകളിലെ തൊഴിലാളികൾക്കിടയിലും വൃക്ഷത്തൈകളുടെ കൈമാറ്റവും ലഭ്യമായ സ്ഥലങ്ങളിൽ നടീലും സംഘടിപ്പിച്ചു കൊണ്ട് വൃക്ഷവല്‍ക്കരണ ക്യാമ്പയിന്‍ കൂടുതൽ ജനകീയമാക്കും.